16-December-2023 -
By. Business Desk
ദുബായ്: ആഗോള ഗോള്‍ഡ് കണ്‍വെന്‍ഷനില്‍ ആഗോള സ്വര്‍ണ വ്യാപാര മേഖലയെ ഒന്നടങ്കം പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതോടെ സുസ്ഥിര സ്വര്‍ണ, ബുള്ളിയന്‍ വിപണികളുടെ ആഗോള കേന്ദ്രമായി യുഎഇ മാറി. ആഗോള ഗോള്‍ഡ് കണ്വന്ഷന് അഞ്ചാം എഡിഷന് ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലിലാണ് നടന്നത്.ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കോണ്‍ഫറന്‍സായി രൂപകല്‍പ്പന ചെയ്ത കണ്‍വെന്‍ഷനില്‍ നൂറിലധികം രാജ്യങ്ങള്‍, മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, റെഗുലേറ്റര്‍മാര്‍, വ്യവസായ പ്രമുഖര്‍, ഖനികള്‍, റിഫൈനറികള്‍, ജ്വല്ലറികള്‍, വ്യാപാരികള്‍, ഇറക്കുമതി കയറ്റുമതി കമ്പനികള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്സ് കമ്പനികള്‍ എന്നിവര്‍ പങ്കെടുത്തു. ഇതോടെ ഈ മേഖലയിലെ സഹകരണങ്ങള്‍, ബിസിനസ് പ്രമോഷന്, വിപുലീകരണം, വൈവിധ്യവല്‍ക്കരണം എന്നിവയ്ക്ക് വഴിയൊരുങ്ങി. 200ലധികം വ്യാപാര പ്രതിനിധികളും സന്ദര്‍ശകരും 100 രാജ്യങ്ങളില്‍ നിന്നുള്ള വെര്‍ച്വല്‍ പങ്കാളിത്തത്തിന് പുറമെ ഗോള്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
യുഎഇ ആസ്ഥാനമായുള്ള ഐബിഎംസി ഇന്റര്‍നാഷണലാണ് ഗ്ലോബല്‍ ഗോള്‍ഡ് കണ്വെന്ഷന് സംഘടിപ്പിച്ചത്.ദുബായ് ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാനും യു എ ഇ ചേംബേഴ്സ് സെക്രട്ടറി ജനറലുമായ ഹുമൈദ് ബെന്‍ സേലം ഉദ്ഘാടനം ചെയ്തു. ആഗോള സ്വര്‍ണ വിലയിലെ ഉയര്‍ന്ന ചാഞ്ചാട്ടത്തിന്റെയും യുഎഇ ഏറ്റവും ആകര്‍ഷകവും ഏറ്റവും ഇഷ്ടപ്പെട്ടതുമായ ആഗോള സ്വര്‍ണ്ണ വ്യാപാര കേന്ദ്രമായി മാറുന്നതിന്റെയും പശ്ചാത്തലത്തിലാണ് കണ്വെന്ഷന് നടന്നത്.
സുസ്ഥിരതയെക്കുറിച്ചുള്ള സിഒപി 28 കോണ്‍ഫറന്‍സിന് യുഎഇ ആതിഥേയത്വം വഹിക്കുന്നതിനോട് ചേര്‍ന്നാണ് സുസ്ഥിരത എന്ന തീം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഐബിഎംസി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സജിത്ത് കുമാര്‍ പികെ പറഞ്ഞു.
സുസ്ഥിര സ്വര്‍ണ്ണം, ബുള്ളിയന്‍ വിപണികളുടെ ആഗോള കേന്ദ്രമായി യുഎഇ ഉയര്‍ന്നുവരുകയാണെന്നും ഐബിഎംസിയുടെ 'ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്ലോ സിസ്റ്റം' സ്വര്‍ണ്ണ വ്യവസായത്തിലെ മുഴുവന്‍ ഓഹരി ഉടമകളെയും സ്വര്‍ണ്ണ ഖനനം, കയറ്റുമതി, ഇറക്കുമതി എന്നിവയില്‍ പിന്തുണയ്ക്കാന്‍ സജ്ജമാണെന്നും സജിത് കുമാര്‍ പറഞ്ഞു.കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ക്ക് സ്വര്‍ണ്ണ വ്യാപാരത്തിന്റെയും ബിസിനസ്സിന്റെയും മുഴുവന്‍ ശ്രേണിയും പ്രദര്‍ശിപ്പിക്കുന്നതിനും നെറ്റ്വര്ക്കിംഗ്, ഇന്ററാക്ടീവ് സെഷനുകള്‍, വ്യവസായ കേന്ദ്രീകൃത പാനല്‍ ചര്‍ച്ചകള്‍ എന്നിവയിലൂടെ നിക്ഷേപ സാധ്യതകളും പങ്കാളിത്ത സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിനുള്ള സമഗ്രമായ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തു.